വഖഫ് ബില്‍; സംയുക്ത സമിതി യോഗത്തില്‍ സഖ്യകക്ഷികള്‍ കൈവിട്ടു, പ്രതിരോധത്തിലായി ബി.ജെ.പി

  • 23/08/2024

സഖ്യകക്ഷികള്‍ ആശങ്കകളും പ്രതിപക്ഷം എതിർപ്പുകളും ഉയർത്തിക്കാട്ടിയതോടെ വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത സമിതിയുടെ ആദ്യ സിറ്റിങ്ങില്‍ പ്രതിരോധത്തിലായി ബി.ജെ.പി. എൻ.ഡി.എ ഘടക കക്ഷികളടക്കം മോദി സർക്കാരിന്റെ നിലപാടുകളോട് വിയോജിച്ചതോടെയാണ് യോഗത്തില്‍ ബി.ജെ.പി ഒറ്റപ്പെട്ടത്. വ്യാഴാഴ്ച പാർലമെന്റ് അനക്സിലാണ് 31 അംഗ പാർലമെന്റ് സമിതിയുടെ പ്രാഥമിക യോഗം നടന്നത്. യോഗം മണിക്കൂറുകളാണ് നീണ്ടത്. യോഗം തൃപ്തികരമാണെന്നാണ് സമിതി ചെയർപേഴ്സണ്‍ ജഗദാംബിക പാലിന്റെ അവകാശവാദം. 

സമിതിയില്‍ ബില്ലുമായി ബന്ധപ്പെട്ട് മന്ത്രാലയം അവതരിപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് അംഗങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് ചർച്ച കൊഴുത്തത്. റിപ്പോർട്ട് അവതരിപ്പിച്ച സെക്രട്ടറി സമഗ്രമായല്ല അവതരിപ്പിച്ചത്. അവതരണത്തില്‍ വഖഫ് ബില്ലിന്റെ ചരിത്രമോ ബില്ലിന്റെ ആവശ്യകതയടക്കമുള്ള വിശദാംശങ്ങളോ ഇല്ലായിരുന്നുവെന്നാണ് ഒരംഗം പ്രതികരിച്ചത്. 

പാർലമെന്റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ല് പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് സംയുക്ത സമിതിക്ക് വിടുന്നത്. രണ്ടാഴ്ചക്ക് ശേഷമാണ് യോഗം ചേർന്നത്. യോഗത്തില്‍ ബി.ജെ.പിയുടെ സഖ്യകക്ഷികളായ ജെ.ഡി (യു), എല്‍.ജെ.പി (രാംവിലാസ്), ടി.ഡി.പി എന്നിവർ നിഷ്പക്ഷ നിലപാടുകളാണ് സ്വീകരിച്ചത്. ടി.ഡി.പിയും ജെ.ഡി.യുവും മുസ്‍ലിം സംഘടനകള്‍ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് തുറന്ന് പറയുകയും ചെയ്തതോടെ ബി.ജെ.പി പ്രതിരോധത്തിലായെന്നും യോഗത്തില്‍ ബി.ജെ.പി ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 

പാർലമെൻററി കമ്മിറ്റിക്ക് പ്രത്യേകാവകാശമുള്ളതാണ്, അതുകൊണ്ട് തന്നെ യോഗങ്ങളില്‍ അംഗങ്ങള്‍ തമ്മിലുള്ള ചർച്ചകളുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടാറില്ല. യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അനൗദ്യോഗികമായി മാധ്യമങ്ങളോട് പറഞ്ഞതും എക്സ് അടക്കമുള്ള മാധ്യമങ്ങളിലെഴുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സമത്വം, മതസ്വാതന്ത്ര്യം, മതസ്ഥാപനങ്ങള്‍ രൂപീകരിക്കാനും പരിപാലിക്കാനുമുള്ള അവകാശം എന്നിവയ്‌ക്ക് എതിരാണ് ബില്ലിന്റെ അടിസ്ഥാന സ്വഭാവമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. 

Related News