ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്, സാഹചര്യം നോക്കി തെരച്ചില്‍; ഗംഗാവലി പുഴയിലെ തെരച്ചില്‍ നിര്‍ത്തില്ല; കാര്‍വാര്‍ എംഎല്‍എ

  • 23/09/2024

ഷിരൂരിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തെരച്ചില്‍ നിർത്തില്ലെന്ന് കാർവാർ എംഎല്‍എ സതീഷ് സെയില്‍. നാളെ റെഡ് അലർട്ട് ആയതിനാല്‍ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചില്‍ തുടരുകയെന്നും എംഎല്‍എ അറിയിച്ചു. സാഹചര്യം അനുകൂലമല്ലെങ്കില്‍ തല്ക്കാലം ഒരു ദിവസം മാത്രമേ തെരച്ചില്‍ നിർത്തുകയുളളൂ. നാവിക സേനയും ഐബോഡും കണ്ടെത്തിയ സ്പോട്ടുകളില്‍ ആണ് പരിശോധന തുടരുന്നത്. അർജുന്റെ കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് പരിശോധന.

ഇന്ന് ഗംഗാവലി പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ പിൻഭാഗത്തെ ടയറുകള്‍ ആണ് കണ്ടെത്തിയത്. നാവികസേന മാർക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. 4 ടയറുകളോട് കൂടിയ പിൻഭാഗമാണ് കണ്ടെത്തിയത്. ഇവ ഗ്യാസ് ടാങ്കർ ലോറിയുടേതാണോയെന്ന സംശയവും ഉയരുന്നുണ്ട്.

അതേ സമയം, മണ്ണിടിച്ചില്‍ മേഖലയില്‍ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി ഫോറൻസിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിട്ടുണ്ട്. അസ്ഥി കിട്ടിയിട്ടുണ്ട് എന്ന് സതീഷ് സെയില്‍ എംഎല്‍എ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എഫ്‌എസ്‌എല്‍ ലാബിലേക്ക് അയക്കണം. മനുഷ്യന്‍റേത് ആണോ മറ്റേതെങ്കിലും മൃഗത്തിന്‍റേത് ആണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാകൂ. അതിന് ചുരുങ്ങിയത് ഒരാഴ്ച കാത്തിരിക്കേണ്ടി വരുമെന്നും സതീഷ് സെയില്‍ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Related News