എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ തൃശൂര്‍പൂരത്തെയടക്കം പ്രതികൂലമായി ബാധിക്കും; കേന്ദ്രത്തിന് കത്തയക്കാൻ മുഖ്യമന്ത്രി

  • 23/10/2024

എക്സ്പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച്‌ ഉത്കണ്ഠ രേഖപ്പെടുത്തി മന്ത്രിസഭായോഗം. വ്യവസ്ഥകള്‍ തൃശൂർ പൂരത്തെ അടക്കം പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയക്കും.

ഒക്ടോബർ 11നാണ് എക്സ്പ്ലോസീവ് ആക്ടില്‍ ചില മാറ്റങ്ങള്‍ വരുത്തി 33 പുതിയ ഭേദഗതികളുമായി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2018ല്‍ തയാറാക്കിയ കരടിന് അംഗീകാരം നല്‍കിയായിരുന്നു ഇത്തരമൊരു നടപടി. വെടിമരുന്നുകള്‍ സൂക്ഷിക്കുന്ന സ്ഥലത്തുനിന്നും കരിമരുന്ന് പ്രയോഗം നടക്കുന്ന സ്ഥലത്തേക്ക് കുറഞ്ഞത് 200 മീറ്ററെങ്കിലും ദൂരപരിധി വേണമെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ.

ഇത് പാലിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ പൂരമായ തൃശൂർ പൂരമടക്കമുള്ളവയില്‍ കരിമരുന്ന് പ്രയോഗം നടത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് രാഷ്ട്രീയവും സാമൂഹികവുമായി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന മന്ത്രിസഭ ഇക്കാര്യം വളരെ ഗൗരവത്തോടെ സമീപിക്കുകയും ഇന്നത്തെ യോഗത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തത്.

Related News