മലയാളിയായ കോളജ് അധ്യാപിക നാഗര്‍കോവിലിലെ ശുചീന്ദ്രത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ ജീവനൊടുക്കുന്നുവെന്നാണ് ശ്രുതി മാതാപിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്.
കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതി (24) ആണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്ക് ആറുമാസം മുന്‍പാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോയമ്ബത്തൂര്‍ പെരിയനായ്ക്കന്‍പാളയത്ത് തമിഴ്നാട് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു. 'അമ്മ ക്ഷമിക്കണം, ദയവു ചെയ്ത് ഭര്‍ത്താവിനെ ഒന്നും പറയരുത്. അവര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ വീട്ടിലേക്കു തിരിച്ചു വരുന്നില്ല. ആളുകള്‍ പലതും പറയും. എന്റെ മൃതദേഹം ഇവിടെ സംസ്‌കരിക്കരുത്. കോയമ്ബത്തൂരില്‍ കൊണ്ടുപോയി നമ്മുടെ ആചാരപ്രകാരം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കണം' - ശ്രുതി അവസാനമായി സ്വന്തം മാതാപിതാക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശമാണിത്.
വിവരമറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു കുടുംബത്തിനൊപ്പം കോയമ്ബത്തൂരില്‍നിന്ന് ശുചീന്ദ്രത്തേക്കു പുറപ്പെടുന്നതിനു മുന്‍പ് തന്നെ ശ്രുതി ജീവനൊടുക്കിയിരുന്നു. കാര്‍ത്തിക്കിന്റെ ഒരു ബന്ധുവാണ് ബാബുവിനെ വിളിച്ചു ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നും മൃതദേഹം ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണെന്നും അറിയിച്ചത്. തുടര്‍ന്ന് ശുചീന്ദ്രത്ത് എത്തിയ ബാബു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ മനംനൊന്താണ് മകള്‍ ജീവനൊടുക്കിയതെന്നും നടപടി എടുക്കണമെന്നും ബാബുവിന്റെ പരാതിയില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?