ആരോപണം ആന്‍റണി രാജുവിന്‍റെ 'ടോര്‍പിഡോ' എന്ന് തോമസ് കെ തോമസ്; 'മുഖ്യമന്ത്രി അവിശ്വസിക്കുമെന്ന് കരുതുന്നില്ല'

  • 25/10/2024

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നില്‍ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തോമസ്‌ മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.

നിയമസഭയുടെ ലോബിയിലാണോ ഇത് ചര്‍ച്ച ചെയ്യേണ്ടതെന്ന് തോമസ് കെ തോമസ് ചോദിച്ചു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.

താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാര്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആന്‍റണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആന്‍റണി രാജു എന്നോട് വൈരാഗ്യം എന്തിനെന്ന് മൻസിലാകുന്നില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നില്‍ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആൻറണി രാജുവിന്‍റെ നീക്കമാണ്. ആന്റണി രാജുവിന്‍റെ ടോർപിഡോ ആണിത്. ആരോപണത്തില്‍ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനം. ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.

Related News