പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ അനുനയിപ്പിച്ചത് എംവി ഗോവിന്ദൻ നേരിട്ട് ഇടപെട്ടെന്ന് വിവരം. ജില്ലാ സെക്രട്ടറിയില്‍ നിന്ന് നേരിട്ട അവഹേളനത്തെ കുറിച്ച് നേതൃത്വത്തെ അറിയിച്ചു. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കി. പിന്നാലെയാണ് പാർട്ടി വിടുമെന്ന് പ്രഖ്യാപിച്ച ഷുക്കൂർ ഒതുങ്ങിയത്.
പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാകുമെന്ന് നേതൃത്വം ഉറപ്പ് നല്‍കിയെന്നും അതു കൊണ്ട് പാർട്ടി വിടില്ലെന്നും ഷുക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 'പാർട്ടിക്ക് അകത്തുണ്ടായ പ്രശ്നമാണ്. പാർട്ടി എല്ലാം പരിഹരിക്കുമെന്ന് അറിയിച്ചു, തൻ്റെ നിലപാട് പാർട്ടിക്ക് പോറലേല്‍പ്പിച്ചു'. മറ്റ് പാർട്ടിക്കാർ ക്ഷണിച്ചിരുന്നു. പക്ഷേ പാർട്ടിയില്‍ നിന്നും മാറി നില്‍ക്കുമെന്നേ ഞാൻ പറഞ്ഞിരുന്നുളളു. പാർട്ടി വിടില്ല. ഞാൻ പിവി അൻവറല്ലല്ലോയെന്നും ഇനി മുതല്‍ കൂടുതല്‍ ഊർജ്ജ്വസ്വലമായി പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗണ്‍സിലറുമാണ് ഷുക്കൂർ. പാലക്കാട് നഗരമേഖലയില്‍ നല്ല ജനപിന്തുണയുള്ള നേതാവ് കൂടിയായ ഇദ്ദേഹം ജില്ലാ സെക്രട്ടറിക്കെതിരെ പരസ്യ നിലപാടെടുത്താണ് രാജിപ്രഖ്യാപിച്ചത്.പാർട്ടി നേതൃത്വത്തിൻ്റെ അനുനയ നീക്കം ഫലം കണ്ടതോടെ ഇന്ന് വൈകിട്ടത്തെ തെരഞ്ഞെടുപ്പ് കണ്‍വൻഷനില്‍ പങ്കെടുക്കാൻ അബ്ദുള്‍ ഷുക്കൂറെത്തിയിരുന്നു.കണ്‍വൻഷൻ യോഗത്തിലേക്ക് ഷുക്കൂറിനെ തോളില്‍ കൈയ്യിട്ട് എൻഎൻ കൃഷ്ണദാസാണ് എത്തിച്ചത്. ഒപ്പം കരഘോഷവുമായി പാർട്ടി പ്രവർത്തകരും ഉണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?