ചിറയിൻകീഴിലെ വൃദ്ധയുടെ കൊലപാതകത്തില്‍ മകളും ചെറുമകളും അറസ്റ്റില്‍. അഴൂർ റെയില്‍വേ ഗേറ്റിന് സമീപം ഇക്കഴിഞ്ഞ ഒക്ടോബർ 17ന് മരിച്ച നിലയില്‍ കണ്ടെത്തിയ നിർമ്മല(75)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നിർമ്മലയുടെ മൂത്ത മകള്‍ ശിഖ (55), ശിഖയുടെ മകള്‍ ഉത്തര (34) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട നിർമ്മലയ്ക്ക് ശിഖ ഉള്‍പ്പെടെ മൂന്ന് മക്കളാണുള്ളത്. ഒരു മകള്‍ അമേരിക്കയിലും മറ്റൊരു മകള്‍ കവടിയാറിലും നല്ല സാമ്ബത്തിക സ്ഥിതിയില്‍ കഴിഞ്ഞു വരുന്നു. നിർമ്മല അവരുടെ പേരിലുള്ള സ്ഥിര നിക്ഷേപം ചിറയിൻകീഴ് സഹകരണ ബാങ്കിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അവകാശിയായി മൂത്തമകള്‍ ശിഖയെ വെയ്ക്കാത്തതിലും നിർമ്മലയുടെ സ്വത്തുക്കളും സമ്ബാദ്യവും കൊടുക്കാത്തതിലുമുള്ള വൈരാഗ്യമാണ് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന ശിഖയെയും മകളെയും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു
ഒക്ടോബർ 14ന് വൈകുന്നേരം നിർമ്മലയുടെ ഷെഡ്ഡിന്റെ താക്കോല്‍ കാണാത്തതില്‍ നിർമ്മല ശിഖയും ഉത്തരയുമായി വഴക്ക് ഉണ്ടായിരുന്നു. തുടർന്ന് ബെല്‍റ്റ് പോലെയുള്ള ഒരു വള്ളി ഉപയോഗിച്ച് നിർമ്മലയുടെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
നിർമ്മല മരണപ്പെട്ടത് നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാൻ പ്രതികള്‍ നിർമ്മലയ്ക്ക് കൊണ്ടുവന്നിരുന്ന പാല്‍ കുപ്പികള്‍ രാവിലെ എടുത്തു മാറ്റിയിരുന്നു. നാട്ടുകാരോട് ഒന്നും വലിയ അടുപ്പം കാണിക്കാത്ത പ്രതികള്‍ ബന്ധുക്കളോട് നിർമ്മലയ്ക്ക് സുഖമില്ല എന്ന വിവരം ഒക്ടോബർ 17നാണ് അറിയിച്ചത്. അപ്പോഴേക്കും നിർമ്മലയുടെ ശരീരം അഴുകിയ നിലയിലായിരുന്നു. നിർമ്മല മരിച്ചു കിടക്കുന്ന സമയത്തും ശിഖയും മകളും നിർമ്മലയുടെ പേരിലുള്ള ഡെപ്പോസിറ്റ് അവരുടെ പേരില്‍ ആക്കാൻ ശ്രമം നടത്തിയിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോള്‍ വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദമായി ശിഖയെയും ഉത്തരയെയും ചോദ്യം ചെയ്ത ശേഷമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിറയിൻകീഴ് സി ഐ വിനീഷ് വി.എസിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ മനു, ഷിബു, മനോഹർ, പൊലീസുകാരായ അജിത്ത്, ഹാഷിം, ദിവ്യ, ശ്രീലത, വിഷ്ണു എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?