100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, തോമസ് കെ തോമസടക്കം ആരും പരാതി നല്‍കിയില്ല, ഇഡിയേയും ഭയം

  • 27/10/2024

കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവർത്തിച്ച എൻസിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല. പരാതി നല്‍കിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം.

അന്വേഷണം വന്നാല്‍ സാമ്ബത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.

Related News