'കണ്ണൂര്‍ കലക്ടറുടെ പങ്ക് അന്വേഷിക്കണം'; കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി

  • 01/11/2024

കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

സമരത്തെ തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നേരം പ്രവര്‍ത്തകരുടെ പ്രതിഷേധം തുടര്‍ന്നു. പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡര്‍ തകര്‍ത്തു. അതിനിടെ കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടുപോകുന്ന പൊലിസ് വാഹനം വനിതാ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.

രാവിലെ പതിനൊന്നരയോടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച്‌ കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന്പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ റോഡില്‍ തെറിച്ച്‌ വീണു.

Related News