പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്; സര്‍ക്കാരിന്റെ ഏത് നടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും

  • 02/11/2024

മുനമ്ബത്ത് ഭൂമി പ്രശ്‌നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയോടും മുസ്ലീം സംഘടനകള്‍ സഹകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്‌നത്തിന് എന്തിനാണ് ഒരു വര്‍ഷമെടുക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ പ്രശ്‌നം അപ്പോള്‍ തന്നെ തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'പതിറ്റാണ്ടുകളായി മുനമ്ബത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്. അവരുടെ സ്വത്തുവകകള്‍ നഷ്ടപ്പെടരുത്. ആകാര്യത്തില്‍ ആര്‍ക്കും യാതൊരുവിധത്തിലുള്ള വിയോജിപ്പും ഉണ്ടായിട്ടില്ല. നിയമപരമായി അതുചെയ്തുകൊടുക്കേണ്ട പ്രഥമ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിക്കും മുസ്ലിം സംഘടനകളുടെ പൂര്‍ണ പിന്തുണയുണ്ടാകും. സാഹചര്യം ഇങ്ങനെയായിരിക്കെ ചില വര്‍ഗീയശക്തികള്‍ അനാവശ്യ പ്രചാരണം നടത്തുകയാണ്. ഈ പ്രചാരണം അവസാനിപ്പിക്കണം. പ്രശ്നം പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കുകയാണു വേണ്ടത്.

സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രശ്നം അവസാനിപ്പിക്കാം. സര്‍ക്കാര്‍ ഇത് നീട്ടിക്കൊണ്ടുപോകുന്നത് പാടില്ലാത്ത സംഗതിയാണ്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം മറ്റു ശക്തികള്‍ക്ക് തെറ്റായ പ്രചാരണത്തിന് ഇടം നല്‍കും. കോടതിക്കു പുറത്തുള്ള തീര്‍പ്പാക്കല്‍ സാധ്യമാകും' കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Related News