'വയനാടിനായി രാഹുല്‍ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി, ഇനി ആ ലക്ഷ്യങ്ങള്‍ എന്റേത്'

  • 03/11/2024

വയനാട്ടിലെ മെഡിക്കല്‍ കോളജിനുവേണ്ടിയും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും താന്‍ ഇനി ആ ലക്ഷ്യത്തിനുവേണ്ടി പോരാടുമെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിലെ റോഡുവികസനവും വന്യമൃഗശല്യവും എല്ലാം ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു. മാനന്തവാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ബിസിനസ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് എല്ലാം ചെയ്യുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല മറിച്ച്‌ ഏതുവിധേനയും അധികാരത്തില്‍ തുടരുക എന്നത് മാത്രമാണ് മോദിയുടെ ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരാഗ്യവും ഭയവും വളര്‍ത്തുകയാണ് മോദി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയും തുറമുഖങ്ങളും വ്യവസായികളായ സുഹൃത്തുക്കള്‍ക്ക് കൈമാറ്റം ചെയ്യുകയാണ്. അതിസമ്ബന്നരായ സുഹൃത്തുക്കള്‍ക്ക് സഹായം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്ത് തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. കുട്ടികളെ പഠിപ്പിക്കാന്‍ നമ്മള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ജോലി ലഭിക്കുക എന്നത് വളരെ പ്രയാസകരമായി മാറിയിരിക്കുകയാണ്. വിലക്കയറ്റം മൂലം നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വളരെയധികം പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളത്. തൊഴിലുറപ്പ് പദ്ധതി മൂലം ജനങ്ങള്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയുടെ വിഹിതം കുറച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങളിലെല്ലാമുളള നിങ്ങളുടെ ശബ്ദം ലോക്സഭയിലും മറ്റിടങ്ങളിലും എത്തിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

Related News