അർധരാത്രിയില്‍ പാലക്കാട്ട് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ പൊലീസ് റെയ്ഡ്. ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടു വന്നെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ മിന്നല്‍പരിശോധന. ഇക്കഴിഞ്ഞ രാത്രി 12.10നാണ് പാലക്കാട് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ കോണ്‍ഗ്രസിന്റെ വനിതാ നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയത്.
വനിതാ പൊലീസ് ഇല്ലാതെ പരിശോധന നടത്താനാകില്ലെന്ന് നേതാക്കള്‍ നിലപാടെടുത്തതോടെ മടങ്ങിപ്പോയ പൊലീസ് സംഘം അരമണിക്കൂറിന് ശേഷം വനിതാ പൊലീസുകാരുമായി മടങ്ങിയെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഹോട്ടലില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കളും പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷാവസ്ഥയുണ്ടായി.
അർധരാത്രിയോടെയാണ് വനിതാ പൊലീസുകാരില്ലാതെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഷാനിമോള്‍ ഉസ്മാൻ താമസിക്കുന്ന മുറിയിലേക്ക് എത്തിയത്. മുന്നറിയിപ്പോ വ്യക്തതയോ നല്‍കാതെ സംഘം മുറി പരിശോധിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥരില്‍ ചിലർ മഫ്തിയിലായിരുന്നതിനാല്‍ ഷാനിമോള്‍ ഉസ്മാൻ ഭയന്ന് മുറിയില്‍ നിന്നു പുറത്തേക്കിറങ്ങി. ഇതിനു പിന്നാലെ ബിന്ദുകൃഷ്ണയും ഭർത്താവ് കൃഷ്ണകുമാറും താമസിച്ചിരുന്ന മുറിയിലേക്കും ഉദ്യോഗസ്ഥർ കയറാൻ ശ്രമിച്ചു. ഇതോടെ രണ്ടു മുറികളും പൂട്ടി ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും പുറത്ത് ഇറങ്ങി നിന്നു. ഇവരുടെ ആവശ്യ പ്രകാരം വനിതാ ഉദ്യോഗസ്ഥരെത്തി സാധന സാമഗ്രികളും മറ്റും വലിച്ചിട്ടു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിനു അകത്തേക്കും എത്തി. ഇതോടെ ഹോട്ടലില്‍ വലിയ സംഘർഷാവസ്ഥയായി. മാധ്യമ പ്രവർത്തകർക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?