ദേശീയോദ്യാനത്തില്‍ നിന്ന് കാണാതായത് 25 കടുവകള്‍, അന്വേഷണം

  • 06/11/2024

രാജസ്ഥാനിലെ രണ്‍ഥംഭോർ ദേശീയോദ്യാനത്തില്‍ നിന്ന് കാണാതായത് 20ലേറെ കടുവകള്‍. പിന്നാലെ മൂന്നംഗ കമ്മിറ്റിക്ക് അന്വേഷണ ചുമതല നല്‍കി ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ. നവംബർ നാലിനാണ് പ്രിൻസിപ്പല്‍ ചീഫ് കണ്‍സെർവേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാർഡനും ചേർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദീർഘകാലമായി കടുവകളെ നിരീക്ഷിച്ചതിന് പിന്നാലെയാണ് കടുവകള്‍ കാണാതായെന്ന് വ്യക്തമായതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 

75 കടുവകളാണ് രണ്‍ഥംഭോർ ദേശീയോദ്യാനത്തിലുണ്ടായിരുന്നതെന്നാണ് കണക്കുകള്‍. ഇതില്‍ അടുത്തിടെ രണ്ട് കടുവകള്‍ ചത്തിരുന്നു. എന്നാല്‍ ഒരു വർഷത്തിലേറെയായി 11 കടുവകളുടെ യാതൊരു വിവരവും ലഭ്യമല്ലെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ വിശദമാക്കുന്നത്. ഒരു വർഷത്തിനുള്ളില്‍ 14 കടുവകളുടെ സൂചനകള്‍ പോലുമില്ലാതായെന്നും അന്വേഷണത്തിനുള്ള ഉത്തരവ് വ്യക്തമാക്കി ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. ഇത്തരം സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുന്നതെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ വിശദമാക്കുന്നു. 

സംഭവത്തില്‍ അന്വേഷണം പൂർത്തിയാക്കി ചീഫ് വൈല്‍ഡ് ലൈഫ് വാർഡനാണ് റിപ്പോർട്ട് നല്‍കേണ്ടത്. എപിസിസിഎഫ് രാജേഷ് കുമാർ ഗുപ്ത, വനം വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. ടി മോഹൻ രാജ്, മാനസ് സിംഗ് എന്നിവർ അടങ്ങുന്നതാണ് അന്വേഷണ കമ്മിറ്റി. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവ്.

Related News