മല്ലു ഹിന്ദു ഓഫീസേഴ്സ്‌: വാട്‌സ് ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

  • 09/11/2024

ഐഎഎസ് ഉദ്യോഗസ്ഥരുടെ 'മല്ലു ഹിന്ദു ഓഫീസേഴ്സ്‌' വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തില്ലെന്ന് റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ കെ. ഗോപാലകൃഷ്ന്‍ ഐഎഎസ്സിനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടി. 

വാട്സ്‌ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടില്‍ തന്റെ വിലയിരുത്തലുകള്‍ കൂട്ടിച്ചേര്‍ത്താണ് ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ നല്‍കിയത്. ഇതില്‍ പൊലീസിന് ശക്തമായ സംശയമുണ്ട്. നാലുതവണ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായും സ്വകാര്യവിവരങ്ങള്‍ നീക്കം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക്ക് പരിശോധനയിലും ഗൂഗിളിന്റെ പരിശോധനയിലും ഫോണ്‍ ഹാക്കിങ് സാധ്യത തള്ളിയിരുന്നു.

Related News