കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സിനിമയില്‍ പണ്ട് കൈയടി നേടിയ സൂപ്പര്‍ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാര്‍ഷ്ട്യവും ഭീഷണിയും മാധ്യമപ്രവര്‍ത്തകരോട് വേണ്ടെന്നും കേന്ദ്ര മന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാന്‍ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നതെന്നും കെയുഡബ്ല്യുജെ ആരോപിച്ചു.
മുനമ്ബം വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോടാണ് ഏറ്റവും അവസാനം സുരേഷ് ഗോപി മോശമായി പെരുമാറിയത്. മാന്യമായ രാഷ്ട്രീയമെന്ന പൊതുബോധം അല്‍പമെങ്കിലും ബാക്കിനില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തോട് സുരേഷ് ഗോപി മാപ്പ് പറയണം. സ്വന്തം മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ നിന്ദ്യമായ സമീപനം തിരുത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി കേന്ദ്ര നേതൃത്വവും തയാറാവണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
അപഹാസ്യമായ ഈ നടന രാഷ്ട്രീയത്തിന് അറുതിവരുത്താന്‍ മാധ്യമ മാനേജ്‌മെന്റുകളും മുന്നിട്ടിറങ്ങി ശ്രമിക്കണമെന്ന് കെയുഡബ്ല്യുജെ യൂണിയന്‍ പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയുടെ മോശപ്പെട്ട സമീപനത്തിനെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്നും കെയുഡബ്ല്യുജെ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?