പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; ചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, നോട്ടീസ്

  • 12/11/2024

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച്‌ പി വി അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാടകീയരംഗങ്ങള്‍. ചട്ടലംഘനമാണെന്നും വാര്‍ത്താ സമ്മേളനം നിര്‍ത്താനും അന്‍വറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അതു കൂട്ടാക്കാതിരുന്ന അന്‍വര്‍ ഉദ്യോഗസ്ഥരോട് തര്‍ക്കിച്ചു. തുടര്‍ന്ന് വിലക്ക് ലംഘിച്ച അന്‍വറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി മടങ്ങി. 

ചേലക്കരയിലെ ഹോട്ടലിലാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ചീഫ് ഓഫീസറില്‍ നിന്നും അനുമതി വാങ്ങിയിരുന്നെന്നും, വാര്‍ത്താസമ്മേളനം വിലക്കുന്നത് എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു. ചട്ടം ലംഘിച്ചിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പിന്മാറില്ല. പറയാനുള്ളത് പറയും. ഭയപ്പെടുത്തിയിട്ട് കാര്യമില്ല. ഏറ്റുമുട്ടല്‍ എന്തിനാണെന്നും അന്‍വര്‍ ചോദിച്ചു.

ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം മാത്രമേ പാടുള്ളൂ. വാര്‍ത്താസമ്മേളനം അടക്കമുള്ളവ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. അന്‍വര്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും, നടപടി ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെന്ന് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Related News