ഇടുക്കി വഴിയുള്ള ശബരിമല തീര്‍ത്ഥാടനം; സുരക്ഷ കേരളവും തമിഴ്നാടും സംയുക്തമായി നടപ്പിലാക്കും

  • 13/11/2024

ശബരിമല തീര്‍ത്ഥാടനത്തിന് ഇടുക്കി വഴിയെത്തുന്ന ഭക്തരുടെ സുരക്ഷക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കാൻ തീരുമാനം. തേക്കടിയില്‍ നടന്ന തേനി, ഇടുക്കി എന്നീ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അയ്യപ്പഭക്തർ കടന്നു വരുന്ന തേനിയിലും ഇടുക്കിയിലും ഏർപ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്താനാണ് രണ്ടു ജില്ലകളിലെയും കളക്ടർമാർ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് ആവശ്യമെങ്കില്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കമ്ബം തേക്കടി റൂട്ടില്‍ പട്രോളിഗ് ടീമുമുണ്ടാകും. മെഡിക്കല്‍ ടീമിനെയും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സുകള്‍ സജ്ജീകരിക്കുമെന്നും തേനി കളക്ടര്‍ അറിയിച്ചു.

ഹരിത ചട്ടമനുസരിച്ചുള്ള തീർത്ഥാടനം പ്രോത്സാഹിപ്പിക്കും. കളക്ടറേറ്റിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. എല്ലാ വകുപ്പുകളിലും കണ്‍ട്രോള്‍ തുറക്കാൻ ഇടുക്കി കളക്ടർ നിർദ്ദേശിച്ചു. തിരക്കു കൂടുന്ന സാഹചര്യത്തില്‍ കമ്ബത്തു നിന്നും കമ്ബംമെട്ട് വഴി വാഹനങ്ങള്‍ തിരിച്ചുവിടും.

Related News