റഹീമിൻ്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടി, ചെലവ് 36. 27 കോടി; ബാക്കി തുക സംബന്ധിച്ച തീരുമാനം മോചനത്തിന് ശേഷം

  • 15/11/2024

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിൻ്റെ മോചനത്തിനായി സമാഹരിച്ച പൂർണ്ണമായ കണക്കുകള്‍ പുറത്തു വിട്ട് റഹീം നിയമ സഹായ സമിതി. റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. 

ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടില്‍ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടില്‍ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി അപവാദ പ്രചരണം നടത്തുന്നു. ഇത് അടിസ്ഥാന രഹിതമാണ്. റഹീമിന്റെ മാതാവിനും കുടുംബത്തിനും വസ്തുതകള്‍ ബോധ്യപ്പെട്ടെന്നും റഹീമിന്റെ മോചനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രസ്റ്റ് പറഞ്ഞു. 

അതേസമയം, അബ്ദുല്‍ റഹീമിന്‍റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി പ്രതികരിച്ചു. മകനെ ജയിലില്‍ വെച്ച്‌ കാണാൻ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരൻ നസീറിനും നല്‍കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. നിയമപോരാട്ടത്തിനും ദിയാധന സ്വരൂണത്തിനുമെല്ലാം രംഗത്തിറങ്ങിയവരാണ് റിയാദിലെ നന്മയുള്ള പ്രവാസി സമൂഹം. അവരുടെ പ്രാതിനിധ്യമാണ് സഹായസമിതിക്കുള്ളത്. 

Related News