സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; നിര്‍ണായക വിവരങ്ങളുമായി ഇഡി, 12.41 കോടി കണ്ടെടുത്തു

  • 18/11/2024

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാര്‍ട്ടിന്‍റെ വീട്ടിലും ഓഫീസുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വിട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റെയ്ഡില്‍ കണക്കില്‍പെടാത്ത 12.41 കോടി കണ്ടെടുത്തുവെന്ന് ഇഡി അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തു.

മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളില്‍ വൻ നിക്ഷേപത്തിന്‍റെ രേഖകള്‍ കിട്ടിയെന്നും ഇഡി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റെയ്ഡിനെ തുടര്‍ന്ന് സാന്‍റിയാഗോ മാര്‍ട്ടിന്‍റെ 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മാർട്ടിന്‍റെ ഫ്യൂച്ചർ ഗെയിംസ് നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നും ഇഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കാൻ സമ്മാനം അടിച്ച ലോട്ടറി ഉപയോഗിച്ചുവെന്നും ഇഡി വ്യക്തമാക്കി.

വൻ തുക സമ്മാനം നേടിയ ടിക്കറ്റുകള്‍ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്നും ഇത് ഖജനാവിന് കനത്ത നഷ്ടമുണ്ടാക്കിയതായും ഇഡി കണ്ടെത്തി. വ്യാജ ലോട്ടറി ടിക്കറ്റുകള്‍ വ്യാപകമായി വിറ്റഴിച്ചു. ലോട്ടറി സമ്മാനം നിശ്ചയിക്കുന്നതിലും ക്രമക്കേട് നടത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നടക്കമുള്ള വിവരങ്ങളാണ് ഇഡി പുറത്തുവിട്ടത്. പിടിച്ചെടുത്ത പണത്തിന്‍റെ ദൃശ്യങ്ങളും ഇഡി പുറത്തുവിട്ടു.

Related News