'ഭരണഘടന, കുന്തം, കുടച്ചക്രം': സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

  • 20/11/2024

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ ക്രെഡിബിലിറ്റിയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദേശം നല്‍കി. 

ഭരണതലത്തിലെ സ്വാധീനം മൂലം അന്വേഷണം അവസാനിപ്പിച്ചെന്നും, പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നും അഭിഭാഷകനായ ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. 'കുറച്ച്‌ നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം' എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗം.

Related News