'എന്നെയും കൂടി ഒന്ന് രക്ഷപ്പെടുത്തുമോ ചേട്ടാ?' അവളുടെ ഈ വാക്കുകള്‍ അഹമ്മദ് നിഹാലിന്റെ ചെവിയില്‍ വീണ്ടും വീണ്ടും മുഴങ്ങുകയാണ്. കൊല്ലത്ത് കഴിഞ്ഞ ദിവസം ട്രെയിൻ അപകടത്തില്‍ മരിച്ച ദേവനന്ദ എന്ന പതിനേഴുകാരി അവസാനമായി പറഞ്ഞ വാക്കുകളാണിവ. നാട്ടുകാരും സഹപാഠികളും നോക്കി നില്‍ക്കെയായിരുന്നു ചീറിപ്പാഞ്ഞുവന്ന നേത്രാവതി എക്സ്പ്രസ് ദേവനന്ദയുടെ ജീവനെടുത്തത്. ദേവനന്ദയെ രക്ഷപ്പെടുത്താൻ ശ്രമിച്ച അഹമ്മദ് നിഹാല്‍ തന്റെ കയ്യകലത്തില്‍ ഒരു ജീവൻ പൊലിഞ്ഞതിന്റെ നടുക്കത്തില്‍ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ല.
നിഹാലും കൂട്ടുകാരും മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടന്ന് രണ്ടാം നമ്ബർ പ്ലാറ്റ്‍ഫോമിലേക്ക് കയറിയതിനു തൊട്ടുപിന്നാലെയായിരുന്നു ദേവനന്ദയും കൂട്ടുകാരിയും പാളത്തിലെത്തിയത്. പെട്ടെന്ന് ട്രെയിൻ വരുന്നൂ മാറിക്കോ എന്ന് ആരൊക്കെയോ വിളിച്ചുപറയുന്നത് കേട്ട് നോക്കിയപ്പോള്‍ കൊല്ലം ഭാഗത്ത് നിന്ന് ട്രെയിൻ വരുന്നതായാണ് കണ്ടത്. ഈ സമയം ട്രാക്കില്‍ നിന്ന് പ്ലാറ്റ്‍ഫോമിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു ദേവനന്ദയും കൂട്ടുകാരി ശ്രേയയും. ഇതോടെ ധൈര്യം സംഭരിച്ച് നിഹാല്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താൻ തയ്യാറാവുകയായിരുന്നു.
ശ്രേയയെ പാളത്തില്‍ നിന്ന് വലിച്ചുകയറ്റി രക്ഷപ്പെടുത്തിയെങ്കിലും ദേവനന്ദയെ മുകളിലേക്ക് വലിച്ചു കയറ്റാനുള്ള ശ്രമം വിഫലമായി. ബാഗിന്റെ വലിപ്പം കാരണം ദേവനന്ദയെ വലിച്ചുകയറ്റാൻ നിഹാലിനായില്ല. അപ്പോഴേക്കും പാഞ്ഞടുത്ത ട്രെയിൻ ദേവനന്ദയെ ഇടിച്ചുതെറിപ്പിച്ചിരുന്നു. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാർഥിയും ചാത്തന്നൂർ സ്വദേശിയുമാണ് ദേവനന്ദ.
മയ്യനാട് റെയില്‍വേ ഗേറ്റ് അടക്കുമ്ബോള്‍ കൊട്ടിയം ഭാഗത്തേക്കുള്ള ബസുകള്‍ ഗേറ്റിന്റെ തെക്കുവശത്താണ് നിർത്തിയിടാറുള്ളത്. ബസില്‍ കയറുന്നതിനു വേണ്ടിയാണ് വിദ്യാർഥികള്‍ മിക്കപ്പോഴും പാളം മുറിച്ചുകടക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?