നടന്മാര്‍ക്കെതിരായ പരാതി പിൻവലിക്കില്ലെന്ന് ആലുവയിലെ നടി; 'താൻ നേരിട്ട അതിക്രമത്തിന് നീതി വേണം

  • 24/11/2024

നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാല്‍, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാല്‍ പരാതി പിന്‍വലിക്കില്ലെന്നും എസ്‌ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.

നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവ‍ർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിനുശേഷം തനിക്കെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിനെതിരെ പൊലീസ് നടപടി എടുക്കാത്തത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും നടി പറഞ്ഞു. അതുകൊണ്ടാണ് മനം മടുത്ത് പരാതി പിന്‍വലിക്കാൻ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, പരാതിയുമായി മുന്നോട്ടുപോകാൻ കുടുംബം ധൈര്യം നല്‍കിയെന്നും അവര്‍ കൂടെയുണ്ടെന്നും നടി പറഞ്ഞു.

തനിക്ക് സർക്കാരില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൻ്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ആരോപിച്ചുകൊണ്ടാണ് കഴി‍ഞ്ഞ ദിവസം പരാതി പിന്‍വലിക്കുകയാണെന്ന് നടി അറിയിച്ചത്. മാധ്യമങ്ങളില്‍ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞിരുന്നു

Related News