വയനാട്ടില്‍ ഇടതുക്യാമ്ബില്‍ പൊട്ടിത്തെറി, പ്രചാരണത്തില്‍ സിപിഎം സാന്നിധ്യം കുറഞ്ഞു, കടുത്ത അതൃപ്തിയില്‍ സിപിഐ

  • 24/11/2024

വയനാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയ്ക്കുണ്ടായ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ ഇടത് ക്യാമ്ബില്‍ പൊട്ടിത്തെറി. തിരിച്ചടിയില്‍ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ നേതൃത്വം. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

പ്രചാരണ റാലികളിലും പ്രവർത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം കുറഞ്ഞു. പതിനായിരം പേരെങ്കിലും പങ്കെടുക്കേണ്ട മുഖ്യമന്ത്രിയുടെ റാലിയില്‍ പോലും പങ്കെടുത്തത് പകുതിയില്‍ താഴെ ആളുകളാണെന്നും സിപിഐ വിലയിരുത്തുന്നു. സിപിഎം നേതാക്കളും കാര്യമായി സത്യൻ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയില്ല. ഗൃഹസമ്ബർക്കവും പോളിംഗ് ദിനത്തിലെ ഏകോപനവും മോശമായെന്നും വിലയിരുത്തലുണ്ട്.

സത്യൻ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിർദ്ദേശ പത്രിക സമർപ്പണവും നിറംമങ്ങിയെന്നും സിപിഐ വിലയിരുത്തുന്നു. സിപിഐ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് സിപിഎം കാര്യമായ പ്രധാന്യം നല്‍കിയില്ലെന്ന വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മയില്‍ സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കും അതൃപ്തിയുണ്ട്.

Related News