മത്സരിക്കാനില്ലെന്ന് കൃഷ്ണകുമാര്‍ അവസാനം വരെ പറഞ്ഞു, സ്ഥാനാര്‍ഥിയാക്കിയത് നിര്‍ബന്ധിച്ച്‌; രാജി സന്നദ്ധത തള്ളാതെ കെ സുരേന്ദ്രൻ

  • 25/11/2024

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ശരിയായ നിലയില്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ആവശ്യമായ തിരുത്തലുകളുണ്ടാകും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ ഇത്തവണ വോട്ടു കുറഞ്ഞതിനെക്കുറിച്ച്‌ ബൂത്തു തലത്തില്‍ വരെ ശരിയായ വിശകലനം നടത്തും. പാലക്കാട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കും എന്ന തലത്തിലാണ് പ്രവര്‍ത്തിച്ചതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പഴി പ്രസിഡന്റിനാണ്. അതു കേള്‍ക്കാന്‍ താന്‍ വിധിക്കപ്പെട്ടവനാണ്. പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി കോര്‍ കമ്മിറ്റി കുമ്മനം രാജശേഖരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തി അഭിപ്രായം സ്വരൂപിച്ച്‌ മൂന്നു പേരുകളുടെ പട്ടിക നല്‍കി. ഈ മൂന്നു പേരുകളും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിറ്റിയോഗം നാലുമണിക്കൂറോളം വിശദമായ ചര്‍ച്ച നടത്തി. നിര്‍ദേശം ഉയര്‍ന്ന മൂന്നുപേരില്‍ രണ്ടുപേര്‍ മത്സരിക്കാന്‍ സന്നദ്ധരല്ലെന്ന് അറിയിച്ചു.

ഈ നോട്ടോടുകൂടിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്രനേതൃത്വത്തിന് അയച്ചത്. ഇതില്‍ മൂന്നു പേരുകളും ഉള്‍പ്പെട്ടിരുന്നു. നരേന്ദ്രമോദി, ജെപി നഡ്ഡ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഏതെങ്കിലും വ്യക്തി നടത്തുന്ന പതിവ് ബിജെപിയില്‍ ഇല്ല. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ആള്‍ അവസാന നിമിഷം വരെ എന്നെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്.

Related News