പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ല, പിന്നില്‍ ആസൂത്രിത നീക്കം: ഇ പി ജയരാജന്‍

  • 25/11/2024

ആത്മകഥാ രചന വിവാദത്തില്‍ പ്രസാധകര്‍ പാലിക്കണ്ട മര്യാദ ഡിസി ബുക്‌സ് പാലിച്ചില്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പ്രസാധന കരാര്‍ ആര്‍ക്കും നല്‍കിയിരുന്നില്ല. എഴുതിക്കൊണ്ടിരിക്കെ ഡിസി പ്രസാധനം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത നീക്കമെന്നും ഇ പി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലും പുറത്തും തന്നെ ആക്രമിക്കുകയാണ് ലക്ഷ്യം. തനിക്ക് നേരെയുള്ള ആക്രമണം പാര്‍ട്ടിയെ ലക്ഷ്യം വച്ചെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ ഒരു കരാറും ഒരാളെയും ഏല്‍പ്പിച്ചിട്ടില്ല. ഒരു കോപ്പിയും ഒരാള്‍ക്കും കൊടുത്തിട്ടുമില്ല. സാധാരണയായി പ്രസാധകര്‍ ഒരുപാട് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസി ബുക്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നില്ലേ? എങ്ങനെയാണ് വന്നത്? ഞാന്‍ അറിയാതെ ബോധപൂര്‍വ്വമായ നടപടിയല്ലേ? പിഡിഎഫ് ഫോര്‍മാറ്റില്‍ അല്ലേ വാട്‌സ്‌ആപ്പില്‍ കൊടുത്തത്.

സാധാരണഗതിയില്‍ പ്രസാധകര്‍ ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രചരണം വാട്‌സ്‌ആപ്പിലൂടെ വന്നുകഴിഞ്ഞാല്‍ പിന്നെ അതിന്റെ കോപ്പികളുടെ വില്‍പ്പന കുറഞ്ഞുവരില്ലേ? ബിസിനസ് സ്ഥാപനങ്ങള്‍, പ്രസാധക സ്ഥാപനങ്ങള്‍ ഇങ്ങനെ നടപടി സ്വീകരിക്കുമോ? തികച്ചും ആസൂത്രിതമാണ്. തെരഞ്ഞെടുപ്പ് ദിവസമാണ് രാവിലെ തന്നെ വാര്‍ത്തകള്‍ വരുന്നത്. ഈ വാര്‍ത്ത വന്നതിന്റെ പിന്നില്‍ ആസൂത്രിതമായ നീക്കമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ജാവദേക്കറെ കണ്ട് ഗൂഢാലോചന നടത്തി എന്നായിരുന്നു വാര്‍ത്ത.

2023 ആദ്യമാണ് ജാവദേക്കറെ കണ്ടത്. ജാവദേക്കര്‍ പോകുന്ന വഴി പരിചയപ്പെടാന്‍ ഞാനുള്ള സ്ഥലത്ത് വരികയായിരുന്നു.അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. കണ്ടത് സത്യമാണ്. ഇക്കാര്യത്തില്‍ കള്ളം പറയാന്‍ പറ്റുമോ?ആ തെരഞ്ഞെടുപ്പിനെ അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് എതിരായി ഫലം ഉണ്ടാക്കി എന്നെ പാര്‍ട്ടിക്ക് അകത്തും പുറത്തും പൊതുസമൂഹത്തിലും ആക്രമിക്കുകയായിരുന്നു ലക്ഷ്യം.'- ഇ പി ജയരാജന്‍ ആരോപിച്ചു.

Related News