ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോ?, 15 ആന വേണമെന്നത് ഏത് ആചാരം?; കടുപ്പിച്ച്‌ ഹൈക്കോടതി

  • 28/11/2024

ആന എഴുന്നള്ളിപ്പില്‍ നിലപാട് കടുപ്പിച്ച്‌ ഹൈക്കോടതി. ആന ഇല്ലെങ്കില്‍ ആചാരം മുടങ്ങുമോയെന്ന് കോടതി ചോദിച്ചു. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിര്‍ബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ ഇളവു തേടി തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്. അനിവാര്യമായ ആചാരങ്ങളിലേ ഇളവുള്ളൂ എന്നും കോടതി വ്യക്തമാക്കി. 

ആനകള്‍ തമ്മില്‍ നിശ്ചിത അകല പരിധി സംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരിഗണിച്ചാണ്. ആളുകളുടെ സുരക്ഷ പരമപ്രധാനമാണ്. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകള്‍ പരസ്പരം തൊട്ടുരുമ്മി നില്‍ക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആന പ്രേമികള്‍ ചങ്ങലയില്‍ ബന്ധനസ്ഥനായ ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്ന് കോടതി പരിഹസിച്ചു. 

ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട എന്നല്ല പറയുന്നത്. മൂന്നുമീറ്റര്‍ അകലം ആനകള്‍ തമ്മില്‍ വേണമെന്ന വ്യവസ്ഥ മാറ്റേണ്ട പ്രത്യേക സാഹചര്യം എന്താണെന്നും കോടതി ചോദിച്ചു. ദൂരപരിധി പാലിച്ചാല്‍ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂ എന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യക്തമാക്കി. എങ്കില്‍ 9 ആനകളുടെ എഴുന്നള്ളത്തുമായി മുന്നോട്ടു പോയിക്കൂടെയെന്ന് കോടതി ചോദിച്ചു.

Related News