ജ്വലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി സ്വര്‍ണ കവര്‍ച്ച; ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുൻ അറസ്റ്റില്‍

  • 28/11/2024

പെരിന്തല്‍മണ്ണ സ്വർണ കവർച്ച കേസില്‍ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായി. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് അർജുൻ അറസ്റ്റിലായത്. സ്വർണം തട്ടിയ സംഘത്തെ ചെർപ്പുളശേരിയിലെത്തി അർജുൻ കാറിലെത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. 

സംഘത്തില്‍ നിന്ന് 2.2 കിലോ സ്വർണവും, സ്വർണം വിറ്റു കിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി കെ ഷൈജുവിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സ്വർണവും പണവും കണ്ടെടുത്തത്. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കറിൻ്റെ മരണത്തിന് ഇടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു.

കേസില്‍ 18 പ്രതികളാണ് പൊലീസിന്റെ പട്ടികയിലുള്ളത്. ഇതില്‍ 13 പ്രതികളാണ് കേസില്‍ ഇതുവരെ പിടിയിലായിട്ടുള്ളത്. ആദ്യം നാലു പേരെയാണ് തൃശൂരില്‍ നിന്ന് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അർജുന്റെ പങ്ക് വ്യക്തമായത്. തുടർന്ന് അർജുനെ പൊലീസ് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി അർജുനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണമുയർന്നിരുന്നു. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി ടി കെ ഷൈജു പ്രതികരിച്ചു.

Related News