അവസാന യാത്രയിലും ഒരുമിച്ച്‌; കണ്ണീര്‍ പൂക്കളര്‍പ്പിച്ച്‌ പ്രിയപ്പെട്ടവര്‍; വേദനയില്‍ വിതുമ്ബി നാട്

  • 03/12/2024

ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്ര നല്‍കി സഹപാഠികളും അധ്യാപകരും നാട്ടുകാരും. രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനം. ആരോഗ്യമന്ത്രി വീണാ ജേര്‍ജ്, മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ്, എംഎല്‍എ ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറ് കണക്കിനാളുകളാണ് പ്രിയപ്പെട്ട വിദ്യാര്‍ഥികളെ അവസാനമായി ഒരുനോക്കുകാണാനായി എത്തിയത്. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ നിയന്ത്രിക്കാനാവാതെ മന്ത്രി വീണാ ജോര്‍ജ് വിതുമ്ബി. ഒന്നരമാസം മുന്‍പാണ് വിദ്യാര്‍ഥികളായ ദേവനന്ദന്‍, ശ്രീദേവ് വല്‍സന്‍, ആയുഷ് ഷാജി, പിപി മുഹമ്മദ് ഇബ്രാഹിം മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പഠിക്കാനായി എത്തിയത്.

ഇതിനിടെ തന്നെ കോളജിലെ മറ്റ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം പ്രിയപ്പെട്ടവരായി ഇവര്‍ മാറിയിരുന്നു. അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനിടെ പലരും വിങ്ങിപ്പൊട്ടി. അവസാനമായി മക്കളെ ഒരുനോക്ക് കാണാനെത്തിയ മാതാപിതാക്കളുടെ വേദന എല്ലാവരുടെ കരളലയിപ്പിക്കുന്നതായിരുന്നു. 

Related News