കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം; കരുനീക്കം ശക്തമാക്കി ഷാഫി സഅദി

  • 05/12/2024

അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലുള്ള കർണാടക വഖഫ് ബോർഡിന് പുതിയ ചെയർമാനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കർണാടക സർക്കാർ. ചെയർമാൻ സ്ഥാനത്തേക്ക് പലരും കണ്ണുവെച്ചിട്ടുണ്ടെങ്കിലും, സ്ഥാനം ലക്ഷ്യമിട്ട് മുൻ ചെയർമാൻ ഷാഫി സഅദി നടത്തുന്ന നീക്കങ്ങളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണർത്തുന്നത്. ബിജെപി സഹയാത്രികനായ ഷാഫി സഅദി ബിജെപി ഭരണകാലത്ത് കർണാടക വഖഫ് ബോർഡ് ചെയർമാന്‍ ആയിരുന്നു. 

പൗരത്വ നിയമഭേദഗതി മുസ്‍ലിം വിരുദ്ധമല്ലെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളിലൂടെ ഇദ്ദേഹം വിവാദ നായകനായിരുന്നു. ബസവരാജ ബൊമ്മൈ സർക്കാരിനു വേണ്ടി കോണ്‍ഗ്രസിനെ വിമർശിച്ചും പരിഹസിച്ചും പലപ്പോഴും രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലും ബിജെപി അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അങ്ങിനെയൊരാള്‍ കോണ്‍ഗ്രസ് സർക്കാരിനു കീഴില്‍ സുപ്രധാനമായ പദവിക്ക് വേണ്ടി പരിശ്രമിക്കുന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമുണർത്തുന്നത്.

കാന്തപുരം വിഭാഗക്കാരനായ ആലപ്പുഴയില്‍നിന്നുള്ള ഒരു നേതാവാണ് ഷാഫി സഅദിക്കായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്മർദം ചെലുത്തുന്നത്. പ്രത്യക്ഷത്തില്‍ കാന്തപുരം വിഭാഗത്തോട് ചേർന്നാണ് ഷാഫി സഅദി പ്രവർത്തിക്കുന്നതെങ്കിലും സംഘടനാ അച്ചടക്കം പാലിക്കാത്തതിനാല്‍ നേതൃത്വത്തിന് അദ്ദേഹത്തോട് താത്പര്യമില്ല. സഅദിക്കായി സമ്മർദം ചെലുത്തുന്ന ആലപ്പുഴ സ്വദേശിയായ കാന്തപുരം വിഭാഗം നേതാവും സംഘടനാ ശാസന നേരിട്ടയാളാണ്.

Related News