സൗജന്യ ചികിത്സ: പ്രതിവര്‍ഷം സര്‍ക്കാര്‍ ചെലവഴിക്കുന്നത് 1600 കോടി, കേന്ദ്രം തരുന്നത് 150 കോടി മാത്രമെന്ന് വീണ ജോര്‍ജ്

  • 05/12/2024

പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ സർക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവർഷം സൗജന്യ ചികിത്സ നല്‍കിയതെങ്കില്‍ 2024ല്‍ 6.5 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നല്‍കിയത്. തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. 

കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കാനുമാണ് ദേശീയ ശില്‍പശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് കൈവരിക്കുന്നതിലേക്ക് അടുപ്പിക്കാൻ ഇവിടത്തെ ചർച്ചകള്‍ സഹായിക്കും. ഒരുമിച്ച്‌ പ്രവർത്തിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുന്നതിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സുസ്ഥിരവും കാര്യക്ഷമവുമായ ആരോഗ്യ ധനസഹായ മാതൃകകള്‍ സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 'അനുഭവ സദസ് 2.0' ദേശീയ ശില്‍പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ ആദ്യത്തെ മാസ് ഹെല്‍ത്ത് ഫിനാൻസിംഗ് പ്രോഗ്രാം 2008-ല്‍ എല്‍ഡിഎഫ് സർക്കാരാണ് ആവിഷ്‌ക്കരിച്ചത്. തുടർന്ന് കേന്ദ്ര പിന്തുണയുള്ള കുടുംബങ്ങള്‍ക്കപ്പുറം സംസ്ഥാനത്തെ ബിപിഎല്‍ പട്ടികയ്ക്ക് കീഴിലുള്ള കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് അത് വിപുലീകരിച്ചു. കൂടാതെ ക്യാൻസർ, ട്രോമ സേവനങ്ങള്‍ തുടങ്ങിയ ഗുരുതരമായ പരിചരണം ഉള്‍പ്പെടുത്തുന്നതിനും പാക്കേജ് വിപുലീകരിച്ചു. 

Related News