മുനമ്ബം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണലില്‍; വഖഫില്‍ ചേര്‍ത്തതിനെതിരെ ഫാറൂഖ് കോളജ് മാനേജ്‌മെന്റ്

  • 05/12/2024

മുനമ്ബം ഭൂമിയുമായി ബന്ധപ്പെട്ട കേസ് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയ മുനമ്ബത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചതും പിന്നീട് ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും ചോദ്യം ചെയ്തുകൊണ്ട് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് ട്രൈബ്യൂണല്‍ പരിഗണിക്കുക.

ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് മാനേജ്‌മെന്റ് ട്രൈബ്യൂണലില്‍ വാദിച്ചത്. ഫാറൂഖ് കോളജിന് ഭൂമി നല്‍കിയ സിദ്ദിഖ് സേഠിന്റെ കുടുംബവും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബം ഉന്നയിക്കുന്നത്. ഇതേ വാദവുമായി വഖഫ് സംരക്ഷണ സമിതിയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളും ട്രൈബ്യൂണല്‍ പരിഗണിക്കും.

വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാമെന്നാണ് വഖഫ് സംരക്ഷണ സമിതി അറിയിച്ചിട്ടുള്ളത്. അതേസമയം 2019ല്‍ മുനമ്ബം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ ആവശ്യം. മുനമ്ബം ഭൂമി പ്രശ്‌നത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്.

Related News