ദിലീപിന്‍റെ ശബരിമല ദര്‍ശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ വിജിലൻസ്, വിശദ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും

  • 06/12/2024

നടൻ ദിലീപിൻ്റെ ശബരിമല ദ‍ർശനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കൈമാറി. ദേവസ്വം വിജിലന്‍സ് എസ്‍പിയാണ് അന്വേഷണം നടത്തി ദേവസ്വത്തിന് റിപ്പോര്‍ട്ട് കൈമാറിയത്. പ്രാഥമിക റിപ്പോര്‍ട്ടാണ് കൈമാറിയതെന്നും തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് ഹൈകോടതിയക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു പറഞ്ഞു.

ശബരിമലയിലെ വിഐപി ദര്‍ശനത്തില്‍ വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം സമ‍ർപ്പിക്കാനു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിലീപിൻ്റെ സന്ദർശനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്പിയാണ് അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്.

രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്തർക്ക് ദ‍ർശനം തടസപ്പെടുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണം, മുൻ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത് എന്നും പറഞ്ഞ ഹൈക്കോടതി ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Related News