6 വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം! തിരുവനന്തപുരം വിമാനത്താവളത്തില്‍ നാടകീയ സംഭവങ്ങള്‍

  • 07/12/2024

തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തി വിട്ട പട്ടം. പരിസര വാസികളിലാരോ പറത്തിയ പട്ടമാണ് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് 4 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. രണ്ട് വിമാനങ്ങള്‍ താത്കാലികമായി പിടിച്ചിടുകയും ചെയ്തു. ഇതിനു പുറമേ വ്യോമയാന പരിശീലന കേന്ദ്രത്തില്‍ പരിശീലന പറക്കലും പട്ടം കാരണം മുടങ്ങി. 

ശനിയാഴ്ച വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാൻ തെരുവിനും ഇയ്ക്കുള്ള ഭാഗത്താണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. എയർപോർട്ട് ഓപ്പറേഷൻ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു വിവരമറിയിച്ചതിനെ തുടർന്നു അടിയന്തര സുരക്ഷാ സന്നാഹങ്ങള്‍ ഏർപ്പെടുത്തി. ഇറങ്ങാനെത്തിയ വിമാനങ്ങളിലെ പൈലറ്റുമാരോടു വിമാനത്താവള പരിധിയില്‍ ചുറ്റിക്കറങ്ങുന്നതിനുള്ള ഗോ എറൗണ്ട് സന്ദേശം എയർ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നു നല്‍കി. പുറപ്പെടാനൊരുങ്ങിയ വിമാനങ്ങള്‍ തത്കാലം പാർക്കിങ് ബേയില്‍ നിർത്തിയിടാനും നിർദ്ദേശിച്ചു.

4.20 നു മസ്കറ്റില്‍ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാർജയില്‍ നിന്നെത്തിയ എയർ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയർ ഇന്ത്യ, ബംഗളൂരുവില്‍ നിന്നെത്തിയ ഇൻഡിഗോ വിമാനങ്ങള്‍ക്കാണ് ചുറ്റിക്കറങ്ങാൻ നിർദ്ദേശം ലഭിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ്, ബംഗളൂരുവിലേക്ക് പോകേണ്ട ഇൻഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും പട്ടം പറത്തിയവരെ കണ്ടെത്തിയില്ല.

Related News