പാലോട് നവവധുവിന്റെ മരണം; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

  • 08/12/2024

പാലോട് നവവധുവിന്റെ മരണത്തില്‍ ഭർത്താവിന്റെയും സുഹൃത്തിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ദുജ ആത്മഹത്യ ചെയ്തത്. ആത്‍മഹത്യയ്ക്ക് കാരണം ഇരുവരുടെയും മർദനവും മാനസിക പീഡനവുമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ഭർത്താവ് അഭിജിത്താണ് ഒന്നാംപ്രതി. അജാസ് രണ്ടാംപ്രതിയാണ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. 

ഇന്ദുജയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ അജാസിന്റേതായിരുന്നു. ഈ കോളിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ രണ്ട് ദിവസം മുമ്ബ് അജാസ് മർദിച്ചിരുന്നതായി അഭിജിത്ത് മൊഴി നല്‍കിയിരുന്നു. ഇന്ദുജ ആത്മഹത്യ ചെയ്ത അന്ന് തന്നെ അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും സുഹൃത്തായ അജാസിനെയും കസ്റ്റഡിയിലെടുക്കുന്നത്. ആത്മഹത്യയില്‍ രണ്ട് പേരുടെയും പങ്ക് വ്യക്തമായതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു. 

ഭർതൃവീട്ടില്‍ ഇന്ദുജയ്ക്ക് ശാരീരികവും മാനസികവുമായ പീഡനമേറ്റെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വിപുലപ്പെടുത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നത്. അജാസുമായി ദീർഘകാലത്തെ ബന്ധം ഇന്ദുജയ്ക്കുണ്ടായിരുന്നു. വിവാഹശേഷവും ഇത് തുടർന്നതിനാല്‍ അഭിജിത്തുമായി വഴക്കുകളും പതിവായിരുന്നു. 

Related News