ഉറ്റവരും ഉടയവരുമില്ല; ദുരിതകാലത്തിന് നേരിയ ആശ്വാസം, ശ്രുതി ഇന്ന് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും

  • 08/12/2024

വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലർക്ക് ആയാണ് ശ്രുതിക്ക് സർക്കാർ ജോലി നല്‍കിയിരിക്കുന്നത്. ശ്രുതിയുടെ താല്പര്യം കണക്കിലെടുത്ത് വയനാട് കളക്ടറേറ്റില്‍ തന്നെയാണ് നിയമനം. നിലവില്‍ ചെയ്തിരുന്ന ജോലി തുടരാൻ കഴിയാത്ത സാഹചര്യത്തില്‍ സർക്കാർ ജോലി ശ്രുതി ആഗ്രഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രുതിക്ക് ജോലി നല്‍കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. 

ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്ബോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. കുടംബത്തിലെ 9 പേരാണ് അന്ന് ഒരുമിച്ച്‌ മരണത്തിലേക്ക് ഒഴുകിപ്പോയത്. പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു.

അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. അപകടത്തിലേറ്റ പരുക്കില്‍ നിന്ന് പതിയെ കരകയറുകയാണ് ശ്രുതി. മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകൂ. 

Related News