രണ്ടാഴ്ച മുൻപ് ഗല്‍ഫില്‍ നിന്ന് എത്തി; ആല്‍വിൻ അപകടത്തില്‍പ്പെട്ടത് ആഡംബര കാറിന്റെ പ്രമോഷൻ വിഡിയോ എടുക്കുന്നതിനിടെ

  • 10/12/2024

വെള്ളയില്‍ ബീച്ചിനു സമീപം റീല്‍സ് ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച ആല്‍വിൻ (20) രണ്ടാഴ്ച മുൻപാണ് ഗള്‍ഫില്‍ നിന്നു എത്തിയത്. കമ്ബനികള്‍ക്കു വേണ്ടി പ്രമോഷൻ വിഡിയോ ചെയ്യുന്ന ജോലിയാണ് ആല്‍വിൻ നാട്ടില്‍ ചെയ്തിരുന്നത്. ഗള്‍ഫിലും വിഡിയോയുമായി ബന്ധപ്പെട്ട ജോലി തന്നെയാണ് ആല്‍വിൻ ചെയ്തിരുന്നത്. 

വാഹന കമ്ബനിക്കു വേണ്ടി ആഡംബര കാറുകളുടെ വിഡിയോ എടുക്കാനായാണ് ആല്‍വിൻ വെള്ളയില്‍ ബീച്ചില്‍ എത്തിയത്. കാർ ചെയ്സ് റീല്‍സിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. 

അസുഖവുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി ആല്‍വിൻ നാട്ടില്‍ വരാറുണ്ട്. രണ്ട് വർഷം മുൻപ് ആല്‍വിനു വൃക്ക രോഗത്തിനു ശസ്ത്രക്രിയ ചെയ്തിരുന്നു. ആറ് മാസം കൂടുമ്ബോള്‍ പരിശോധന നടത്തണം. അതിനിടെയാണ് കമ്ബനിക്കായി റീല്‍സ് ചത്രീകരിക്കാനെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11.30ഓടെയാണ് മരണം സംഭവിച്ചത്.

റോഡിനു നടുവില്‍ നിന്നു രണ്ട് വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെ റീലാണ് ആല്‍വിൻ ചിത്രീകരിച്ചിരുന്നത്. വണ്ടികള്‍ ആല്‍വിനെ കടന്നു പോകുന്നതിനിടെ ഇതിലൊരു വാഹനത്തിന്റെ വശം തട്ടുകയായിരുന്നു. അതേ വാഹനത്തില്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

999 ഓട്ടമേറ്റീവ് കമ്ബനിക്കു വേണ്ടിയായിരുന്നു റീല്‍സ് ചിത്രീകരണം. കമ്ബനിയുടെ ആളുകള്‍ തന്നെയാണ് കാർ ഓടിച്ചിരുന്നത് എന്നാണ് വിവരം. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാളെ പോസ്റ്റുമോർട്ടം നടത്തും. ഇതിനു ശേഷമായിരിക്കും സംസ്കാരം.

Related News