റീല്‍സ് ചിത്രീകരണത്തിനിടെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് റദ്ദാക്കി

  • 12/12/2024

കോഴിക്കോട് പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ കാർ ഇടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ കാർ ഓടിച്ച സാബിത് റഹ്മാന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ആല്‍വിനെ ഇടിച്ച ബെൻസ് ജി വാഗണ്‍ സാബിത് ആണ് ഓടിച്ചിരുന്നത്.

കൂടെ ഉണ്ടായിരുന്ന ലാൻഡ് റോവർ ഡിഫെൻഡർ കാർ ഓടിച്ചിരുന്ന റയീസിന്‍റെ ലൈസെൻസ് 6 മാസത്തേക്കും റദ്ദാക്കി. ബെൻസ് കാറിന് ഇൻഷുറൻസും കേരള ടാക്സ് അടച്ച രേഖകളും ഇല്ലായിരുന്നു. രണ്ട് വാഹനങ്ങളും സ്ഥിരം രജിസ്ട്രേഷൻ നമ്ബർ ഉപയോഗിച്ചില്ലെന്നും കണ്ടെത്തി. ഇതടക്കമുള്ള നിയമ ലംഘനങ്ങള്‍ അന്വേഷിക്കാൻ പ്രതേക സംഘത്തിന് മോട്ടോർ വാഹന വകുപ്പ് രൂപം നല്‍കി. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും ആർസി റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ എടുക്കുക.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് കോഴിക്കോട് ബീച്ച്‌ റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച്‌ വടകര കടമേരി സ്വദേശി ആല്‍വിന് മരിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച്‌ റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച്‌ രാവിലെ ഏഴരയോടെയായിരുന്നു അപകടം.

Related News