കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച്‌ അറസ്റ്റ് എന്തിനെന്ന് അല്ലു അര്‍ജുൻ; പൊലീസുമായി വാക്കേറ്റം, ജാമ്യമില്ലാവകുപ്പുകള്‍

  • 13/12/2024

പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതല്‍ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളില്‍ മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാൻ കഴിയും. 

അറസ്റ്റു ചെയ്ത അല്ലു അർജുനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. നമ്ബള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കല്‍ പരിശോധന ഓസ്മാനിയ മെഡിക്കല്‍ കോളേജിലും നടക്കും. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് എത്തിയപ്പോള്‍ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം. കിടപ്പ് മുറിയില്‍ നിന്ന് വിളിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതല്‍ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ചിത്രത്തിന്‍റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്‍റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല.

Related News