കസാഖിസ്ഥാനില്‍ കഴിഞ്ഞ ദിവസം യാത്രാ വിമാനം തകർന്ന് വീണുണ്ടായ അപകടത്തില്‍ 38 പേർ മരിച്ചു. 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി റഷ്യൻ വാർത്താ ഏജൻസിയായ ഇൻ്റർഫാക്സ് റിപ്പോർട്ട് ചെയ്തു. അടിയന്തര ലാൻഡിംഗിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. എംബ്രയർ 190 എന്ന വിമാനം അസർബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടത്തിൻ്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം അക്തുവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അക്‌തു നഗരത്തില്‍ നിന്ന് 3 കിലോ മീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം തകർന്ന് വീണത്. എന്നാല്‍, മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനത്തിൻ്റെ ഗതി മാറ്റിയതെന്നും അപകടത്തിന്റെ കാരണം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അസർബൈജാൻ പ്രസിഡൻ്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു.
വിമാനം അഗ്നിഗോളമായി നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്ത് തട്ടിയ ശേഷം തീപിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ 42 പേർ അസർബൈജാൻ പൗരന്മാരാണ്. 16 റഷ്യൻ പൗരന്മാരും ആറ് കസാഖിസ്ഥാൻ പൗരൻമാരും മൂന്ന് കിർഗിസ്ഥാൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?