ജൂനാ അഖാഡയുടെ ആദ്യ മലയാളി മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതി

  • 27/01/2025

ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗാ സന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതിയെ വാഴിച്ചു. പ്രയാഗ് രാജ് മഹാകുംഭമേളാനഗരിയില്‍ അഖാഡയുടെ സഭാപതി മഹന്ത് പ്രേംഗിരി മഹാരാജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജൂനാപീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

കേരളത്തില്‍ നിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വരാണ് സ്വാമി ആനന്ദവനം ഭാരതി. അമ്ബത് വര്‍ഷം മുമ്ബ് സ്വാമി കാശികാനന്ദഗിരി മഹാരാജ് അടക്കമുള്ള മൂന്നു മലയാളികള്‍ നിരഞ്ജിനി അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആശ്രമവും പ്രവര്‍ത്തന കേന്ദ്രവും കാശിയും ഋഷികേശും ഒക്കെയായിരുന്നു. ജൂനാ അഖാഡയുടെ കേരള ശാഖയായ കാളികാപീഠാധീശ്വരും കേരളത്തിലെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി ആനന്ദവനം ഭാരതി.

ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അഖാഡയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുക എന്ന ദൗത്യമാണ് മഹാമണ്ഡലേശ്വര്‍ക്കുള്ളത്. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലുടനീളം വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നതെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

Related News