കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് വീട്ടുകാര്‍. മകന്‍ പ്രജിന്‍ ജോസിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമ കുമാരി പറഞ്ഞു.
കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍ വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്.
ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വെറുതെ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയത്. ഇതിന് ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനുശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നത് പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു.
ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത് പുറത്തുപോകുന്ന പ്രജിന്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ഇതിനെക്കുറിച്ച് എന്തൈങ്കിലും ചോദിച്ചാല്‍ മര്‍ദനവും പതിവായിരുന്നു. ഇക്കാരണത്താല്‍ പ്രജിന്റെ മുറിയില്‍ എന്താണ് നടക്കുന്നതെന്നുമുള്ള ഒരുവിവരവും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.കൊലപാതകത്തിന് ദിവസങ്ങള്‍ക്കുമുന്‍പ് പ്രജിന്‍ ശരീരത്തിലെ രോമങ്ങളും തലമുടിയും പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്നു. കൂടാതെ മേശപ്പുറത്ത് കറുപ്പുനിറത്തിലുള്ള വിചിത്രമായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും സൂക്ഷിച്ചിരുന്നു.
സാത്താന്‍ സേവ പോലുള്ള ആഭിചാര കര്‍മങ്ങളില്‍ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ പരിശോധിക്കണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം. നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് വെള്ളറട പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?