ഡെലിവറി ബോയ്, ഡെലിവറി ഗേള്‍ ജോലികളിലുള്ള സന്തോഷം മതിയോ? സ്റ്റാര്‍ട്ട് അപ്പ് സംരംഭകരോട് പിയൂഷ് ഗോയല്‍

  • 03/04/2025

ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകള്‍ കുറഞ്ഞ വേതനമുള്ള ഡെലിവറി ജോലികളില്‍ തൃപ്തരാകുന്നതിനേക്കാള്‍ സാങ്കേതിക പുരോഗതി ലക്ഷ്യമിടണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. ദില്ലിയില്‍ നടന്ന് സ്റ്റാർട്ട് അപ്പ് മഹാകുംഭ് 2025ല്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തെ സ്റ്റാർട്ട് അപ്പ് മേഖല ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നത് പോലെയുള്ള ചെറുകിട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലെ ആശങ്കയും കേന്ദ്ര മന്ത്രി സ്റ്റാർട്ട് അപ്പ് മഹാകുംഭില്‍ വിശദമാക്കി. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേള്‍ ജോലികളില്‍ സന്തോഷം കണ്ടെത്താനാണോ ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി ചോദിച്ചു. 

സ്റ്റാർട്ട് അപ്പുകളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. ഇന്ത്യൻ സ്റ്റാർട്ടപ്പുകള്‍ ഭക്ഷണ ഡെലിവറി ആപ്പുകള്‍ പോലുള്ള കുറഞ്ഞ വേതനമുള്ള ചെറുകിട ജോലികളിലേക്ക് അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സാങ്കേതിക നവീകരണത്തില്‍ പിന്നോക്കം പോകുന്നതായുമാണ് പിയൂഷ് ഗോയല്‍ നിരീക്ഷിച്ചത്. ഇന്ത്യയുടെ സ്റ്റാർട്ടപ്പുകള്‍ ഇന്ന് എന്താണ് ചെയ്യുന്നത്? ഭക്ഷണ ഡെലിവറി ആപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, തൊഴില്‍രഹിത യുവാക്കളെ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നു, അതുവഴി സമ്ബന്നർ അവരുടെ വീടുകളില്‍ നിന്ന് പുറത്തേക്ക് പോകാതെ ഭക്ഷണം ലഭ്യമാക്കുന്നു, എന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ ലോകത്തിലെ മൂന്നാമത്തെ സ്ഥാനത്താണ് ഇന്ത്യയുള്ളത്. എന്നാല്‍ ഈ സ്ഥാനം കൊണ്ട് മാത്രം തൃപ്തരാവാൻ സാധിക്കില്ല. ഇന്ത്യ ചെയ്യുന്നതില്‍ അഭിമാനമുണ്ട് എന്നാല്‍ ലോകത്തില്‍ ഏറ്റവും മികച്ചത് നിലവില്‍ നാമല്ലെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേർത്തു. ഡീപ് ടെക് സ്റ്റാർട്ട് അപ്പുകളില്‍ ഇന്ത്യയിലുള്ളത് ആയിരത്തോളം സ്റ്റാർട്ട് അപ്പുകള്‍ മാത്രമാണ്. ഇത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ്. ഇ-കൊമേഴ്സ്, സർവീസ് അടിസ്ഥാനമാക്കിയുള്ള ബിസിനസ്സുകള്‍ക്ക് പുറത്തേക്ക് സാങ്കേതിക വിദ്യയിലും കണ്ടത്തലുകളിലും ഊന്നിയുള്ള സ്റ്റാർട്ട്‌അപ്പുകളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നെന്നും പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടു. 

Related News