മിന്നല്‍ പ്രളയത്തിന് കാരണം മേഘ വിസ്‌ഫോടനമല്ല?; കാലാവസ്ഥ പ്രതികൂലം, രക്ഷാദൗത്യം ദുഷ്‌കരമെന്ന് സൈന്യം, തിരച്ചില്‍ തുടരുന്നു

  • 06/08/2025

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ധാരാലി ഗ്രാമത്തിലുണ്ടായ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം മേഘ വിസ്‌ഫോടനമല്ലെന്ന് വിദഗ്ധരുടെ നിഗമനം. ഹിമാനിയുടെ തകര്‍ച്ചയോ, ഹിമ തടാകത്തിലുണ്ടായ വിസ്‌ഫോടനമോ ആകാം മിന്നല്‍ പ്രളയത്തിന് വഴിവെച്ചതെന്നാണ് ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥ ഡാറ്റയും വിശകലനം ചെയ്തുകൊണ്ട് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ഹിമപാതത്തിന്റെയോ, ഹിമാനികളുടെ പൊട്ടിത്തെറിയുടെയോ ലക്ഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. മിന്നല്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡിലെ ഹര്‍ഷിലില്‍6.5 മില്ലിമീറ്റര്‍ മഴയാണ് ചൊവ്വാഴ്ച പെയ്തതെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ 9 മില്ലിമീറ്റര്‍ മഴയാണ് ഹര്‍ഷിലില്‍ പെയ്തത്.

ഭട്ട് വാരിയില്‍ 11 മില്ലി മീറ്റര്‍ മഴയും ലഭിച്ചു. എന്നാല്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് മിന്നല്‍ പ്രളയം ഉണ്ടാകാനുള്ള മഴയുടെ തോതിനേക്കാള്‍ വളരെ കുറവാണിതെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. 27 മില്ലിമീറ്റര്‍ മഴ പെയ്ത ജില്ലാ തലസ്ഥാനമാണ് അതിനേക്കാളെല്ലാം ഏറെ മഴ ലഭിച്ചിരുന്നതെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിലെ സീനിയര്‍ സയന്റിസ്റ്റ് രോഹിത് പലലിയാല്‍ പറഞ്ഞു.

അതേസമയം മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായ മേഖലകളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണെന്ന് സൈന്യം സൂചിപ്പിച്ചു. 210 അംഗ സംഘമാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. 211 അംഗങ്ങളുടെ സൈനിക സംഘം ഉടന്‍ സ്ഥലത്തെത്തും. തിരച്ചിലിനായി വ്യോമസേന ഹെലികോപ്റ്ററും, കൂടുതല്‍ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സേനാംഗങ്ങളും ധാരാലിയിലേക്ക് പോയിട്ടുണ്ട്.

Related News