വാഹനങ്ങളുടെ ഗ്ളാസ് ടിന്റ്; പുതിയ നിയമം പ്രാബല്യത്തിൽ

  • 17/08/2025



കുവൈത്ത് സിറ്റി: വാഹനങ്ങളുടെ ഗ്ലാസ് ടിൻ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം നിലവിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പുറത്തിറക്കിയ 2025-ലെ 1398-ാം നമ്പർ തീരുമാനമാണ് ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽ യൗം' പ്രസിദ്ധീകരിച്ചത്.

പുതിയ നിയമമനുസരിച്ച്, വാഹന നിർമ്മാതാക്കളുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ടിൻ്റഡ് ഗ്ലാസുകൾ എല്ലാ വാഹനങ്ങൾക്കും ഉപയോഗിക്കാം. കൂടാതെ, 50 ശതമാനത്തിൽ കവിയാത്ത നിറമുള്ള വിൻഡോ ഫിലിമുകളും അനുവദനീയമാണ്. 

ഗൾഫ് നിലവാരമനുസരിച്ച് സുരക്ഷിതവും സുതാര്യവുമായിരിക്കേണ്ട മുൻവശത്തെ വിൻഡ്ഷീൽഡ് ഒഴികെയുള്ള എല്ലാ ഗ്ലാസുകളിലും ടിൻ്റ് ചെയ്യാം. എന്നാൽ, വെളിച്ചം പ്രതിഫലിക്കുന്ന തരത്തിലുള്ള ഗ്ലാസുകളോ ഫിലിമുകളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറിക്കാണ് പുതിയ നിയമം നടപ്പാക്കുന്നതിനുള്ള ചുമതല.

Related News