കുവൈത്തിൽ 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഹെയര്‍ ഡൈ, ചര്‍മം വെളുപ്പിക്കൽ തുടങ്ങിയ ട്രീട്മെന്റുകൾക്ക് നിരോധനം

  • 17/08/2025



ആരോഗ്യ സ്ഥാപനങ്ങൾ, ജിംനേഷ്യങ്ങൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്കായി പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് കുവൈറ്റ്. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദിയാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയത്. ആരോഗ്യമന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും തമ്മിലുള്ള സംയുക്തമായാണ് പുതിയ മാർഗ്ഗരേഖ തയ്യാറാക്കിയിരക്കുന്നത്. പലവിധ പകർച്ചവ്യാധികൾ, അണുവിമുക്തമാക്കൽ, പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, റേഡിയേഷൻ പ്രതിരോധം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ 130-ൽ അധികം മാർഗ്ഗനിർദ്ദേശങ്ങൾ പുതിയ റിപ്പോർട്ടിലുണ്ട്. സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന നടത്താനായി ഇരു മന്ത്രാലയങ്ങളിൽനിന്നും ഒരു സംയുക്ത സമിതിയെയും നിയോഗിക്കാൻ തീരുമാനിച്ചു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന വ്യവസ്ഥകൾ:

പരിശീലനം: ആരോഗ്യ സ്ഥാപനങ്ങളിലെ പരിശീലകർക്ക് സി.പി.ആർ. (CPR), ജീവൻ രക്ഷിക്കാനുള്ള പരിശീലനം എന്നിവ നിർബന്ധമാക്കി. നീന്തൽക്കുളങ്ങളിൽ എല്ലാ സമയത്തും അംഗീകൃത ലൈഫ് ഗാർഡിന്റെ സേവനം ഉണ്ടായിരിക്കണം.

ശുചിത്വം: അംഗീകൃത സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ഷേവിങ് ബ്ലേഡുകളും മറ്റു മൂർച്ചയേറിയ ഉപകരണങ്ങളും ഒന്നിലധികം പേർക്കായി വീണ്ടും ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു.

ടാറ്റൂ നിരോധനം: സലൂണുകൾക്കുള്ളിൽ സ്ഥിരമായ ടാറ്റൂ ചെയ്യാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

പ്രതിരോധം: ത്വക്ക് രോഗങ്ങളോ പകർച്ചവ്യാധികളോ ഉള്ള ജീവനക്കാർ ജോലി ചെയ്യാൻ പാടില്ല. സേവനങ്ങൾ നൽകുമ്പോൾ ജീവനക്കാർ ആഭരണങ്ങൾ ധരിക്കാൻ പാടില്ല.

കുട്ടികളുടെ സുരക്ഷ: 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഹെയർ ഡൈ ചെയ്യുന്നതും ടാൻ ചെയ്യുന്ന സേവനങ്ങളും പൂർണ്ണമായും നിരോധിച്ചു.

Related News