വ്യാപാര നിയമ ലംഘനങ്ങൾ: കുവൈറ്റിൽ 995 കേസുകൾ രജിസ്റ്റർ ചെയ്ത് വാണിജ്യ മന്ത്രാലയം

  • 04/09/2025


കുവൈത്ത് സിറ്റി: ഓഗസ്റ്റ് മാസത്തിൽ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ വ്യാപാര പരിശോധനകളിൽ 995 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. 893 പരിശോധനാ സംഘങ്ങളാണ് ഇതിനായി പ്രവർത്തിച്ചത്. കൂടാതെ, 102 ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണുകയും ചെയ്തു.

മന്ത്രാലയത്തിന്റെ വാണിജ്യ നിയന്ത്രണ വിഭാഗം ഡയറക്ടർ ഫൈസൽ അൽ അൻസാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിപണി നിയന്ത്രിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം, സൂപ്പർമാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്ന മേഖലകളിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. വില പ്രദർശിപ്പിക്കാതിരിക്കുക, പച്ചക്കറി, പഴവർഗ്ഗങ്ങൾ, ലൈസൻസ് വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഉപഭോക്താക്കൾക്ക് ദോഷകരമാകുന്നതോ വിപണിയിലെ സുതാര്യതക്ക് കോട്ടം വരുത്തുന്നതോ ആയ നിയമലംഘനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും നിയമം കർശനമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News