കുവൈത്തിൽ പുതിയ പാഠ്യപദ്ധതി വരുന്നു; സ്കൂൾ സമയത്തിൽ മാറ്റം

  • 08/09/2025


കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനും പ്രാഥമിക ഘട്ടത്തിലെ പാഠ്യപദ്ധതി വികസിപ്പിക്കാനും ലക്ഷ്യമിട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് അറിയിച്ചു. ഇത് വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളെ മികച്ച രീതിയിൽ സ്വാധീനിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രാഥമിക ക്ലാസ്സുകളിലെ ആദ്യ മൂന്ന് ഗ്രേഡുകളിൽ സോഷ്യൽ സ്റ്റഡീസ് ഉൾപ്പെടുത്തി. കൂടാതെ, നാല്, അഞ്ച് ഗ്രേഡുകളിലെ സോഷ്യൽ സ്റ്റഡീസ് ക്ലാസ്സുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വായനയും എഴുത്തും മെച്ചപ്പെടുത്തുന്നതിനായി അറബി ഭാഷയ്ക്ക് ഒരു പുതിയ പിരീഡ് കൂടി ഉൾപ്പെടുത്തി.

കമ്പ്യൂട്ടർ പരിജ്ഞാനവും പ്രോഗ്രാമിംഗ് കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി ആദ്യ മൂന്ന് ഗ്രേഡുകളിൽ കമ്പ്യൂട്ടർ സയൻസ് ഉൾപ്പെടുത്തി. ശാസ്ത്രീയവും വിശകലനപരവുമായ ചിന്തകൾ വളർത്തുന്നതിനായി ശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും പിരീഡുകളുടെ എണ്ണം വർദ്ധിപ്പിച്ചു.

ക്ലാസ് സമയത്തിൽ മാറ്റം

പുതിയ തീരുമാനമനുസരിച്ച്, ക്ലാസ് പിരീഡിന്റെ സമയം 45 മിനിറ്റിൽ നിന്ന് 40 മിനിറ്റായി കുറയ്ക്കും. ഫലപ്രദമായ പഠനവും ക്ലാസ് പ്രവർത്തനങ്ങളും തമ്മിൽ സന്തുലിതാവസ്ഥ കൈവരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related News