നവജാത ശിശുക്കളെ രജിസ്റ്റർ ചെയ്തില്ലെങ്കിൽ മാതാപിതാക്കൾക്ക് കനത്ത പിഴ

  • 11/09/2025



കുവൈത്ത് സിറ്റി: കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമം നമ്പർ 21/2015-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുടെ ദേശീയ ഐഡന്റിറ്റിക്ക് വേണ്ടിയുള്ള രേഖകൾ ഉറപ്പാക്കുക, നവജാത ശിശുക്കൾക്ക് ഔദ്യോഗിക രേഖകൾ എടുക്കാത്ത മാതാപിതാക്കളുടെ അലംഭാവം തടയുക എന്നിവയാണ് ഈ ഭേദഗതിയുടെ ലക്ഷ്യം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹാണ് ഈ ഭേദഗതി നിർദ്ദേശിച്ചത്. നിയമത്തിൽ 17 ബിസ്, 81 ബിസ് എന്നീ വകുപ്പുകൾ കൂട്ടിച്ചേർക്കാനാണ് ഭേദഗതിയിൽ പറയുന്നത്.

പുതിയ കരട് നിയമം രണ്ട് വകുപ്പുകൾ ഉൾപ്പെടുന്നതാണ്. ഒന്നാമത്തേത്, നിയമം നമ്പർ 21/2015-ലേക്ക് 17 ബിസ്, 81 ബിസ് എന്നീ രണ്ട് പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കണം എന്ന് പറയുന്നു. വകുപ്പ് 17 ബിസ്: ഓരോ കുവൈത്തി പിതാവും അല്ലെങ്കിൽ നിയമപരമായ രക്ഷകർത്താവും കുട്ടി ജനിച്ച തീയതി മുതൽ 60 ദിവസത്തിനകം ആവശ്യമായ രേഖകൾ സഹിതം കുട്ടിയെ പിതാവിന്റെ പൗരത്വ രേഖയിൽ ചേർക്കാൻ അപേക്ഷിക്കണം.

വകുപ്പ് 81 ബിസ്: ഈ നിയമത്തിലെ വകുപ്പ് 17 ബിസ് ലംഘിക്കുന്ന ഏതൊരാൾക്കും 2,000 കെഡി-യിൽ കുറയാത്തതും 3,000 കെഡി-യിൽ കൂടാത്തതുമായ പിഴ ചുമത്തും. നിയമം നമ്പർ 21/2015 അനുസരിച്ച്, കുട്ടികളുടെ അവകാശങ്ങൾ, പ്രത്യേകിച്ച് ദേശീയ ഐഡന്റിറ്റിക്ക് വേണ്ടിയുള്ള അവകാശം സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് വിശദീകരണ കുറിപ്പിൽ പറയുന്നു.

Related News