ഗാസയിലേക്ക് കുവൈത്തിൻ്റെ സഹായം; 10 ടൺ ഭക്ഷ്യ വസ്തുക്കളുമായി 11-ാമത് വിമാനം പുറപ്പെട്ടു

  • 21/09/2025


കുവൈത്ത് സിറ്റി: പലസ്തീനിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച കുവൈത്ത് ബൈ യുവർ സൈഡ് എന്ന മാനുഷിക കാമ്പയിനിൻ്റെ ഭാഗമായി കുവൈത്തിൽ നിന്ന് 11-ാമത് ദുരിതാശ്വാസ വിമാനം പുറപ്പെട്ടു. 10 ടൺ ഭക്ഷ്യവസ്തുക്കളുമായി ഞായറാഴ്ച രാവിലെയാണ് വിമാനം ഈജിപ്തിലെ അൽ-അരീഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. ഇവിടെ നിന്ന് സഹായം ഗാസ മുനമ്പിൽ എത്തിക്കും.

"ഫസ്സ ഫോർ ഗാസ" എന്ന കാമ്പയിൻ്റെ ഭാഗമാണ് ഈ ദുരിതാശ്വാസ വിമാനങ്ങൾ. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, മറ്റ് കുവൈത്തി ചാരിറ്റബിൾ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ നടത്തുന്നത്. സാമൂഹ്യകാര്യ, വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ച്, കുവൈത്ത് വ്യോമസേനയാണ് ഈ ദൗത്യം ഏകോപിപ്പിക്കുന്നത്.

അടിയന്തര സഹായം ആവശ്യമുള്ള പലസ്തീൻ സഹോദരങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിക്കുക എന്നതാണ് ഈ ദൗത്യത്തിൻ്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിലും കൂടുതൽ ദുരിതാശ്വാസ വിമാനങ്ങൾ അയക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News