ജപ്തി ഭീഷണി; യുവാവ് ജീവനൊടുക്കി

  • 30/09/2025


ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി. അയ്യനാട്ടുവെളി വീട്ടിൽ വൈശാഖ് മോഹൻ ആണ് ആത്മഹത്യ ചെയ്തത്. പണം തിരിച്ചടയ്ക്കാൻ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടും ബാങ്ക് നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ തൂങ്ങിമരിക്കുകയായിരുന്നു.

ഏക വീടുള്ളവരെ ജപ്തി നടപടികളുടെ ഭാഗമായി ഇറക്കി വിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ജപ്തി ഭീഷണിയെ തുടർന്ന് കണിച്ചുകുളങ്ങരയിൽ യുവാവ് ആത്മഹത്യ ചെയ്തത്. 2015-ൽ ആണ് വൈശാഖിന്റെ അമ്മയുടെ പിതാവ് രാഘവൻ ബാങ്കിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. എന്നാൽ തിരിച്ചടവ് പലതവണ മുടങ്ങി. പിന്നാലെ കഴിഞ്ഞ ദിവസം ബാങ്ക് ഹിയറിംഗ് വെച്ചു.

വൈശാഖും അമ്മ ഓമനയും ഹിയറിങ്ങിൽ പങ്കെടുത്ത് തിരിച്ചടവിന് ഒരു മാസത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാൽ സാവകാശം നൽകാൻ ബാങ്ക് തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. കയർ തൊഴിലാളി ആയിരുന്നു വൈശാഖ്. നടുവേദനയെ തുടർന്ന് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിനിടെയാണ് ബാങ്കിന്റെ ജപ്തി നോട്ടീസ് എത്തിയത്.

Related News